Skip to main content

Featured

വീടു കണ്ടാല്‍ ഉടമയെ അറിയാം


'മുഖം മനസ്സിന്റെ കണ്ണാടി', 'മൂക്കു നന്നായാല്‍ മുഴുവന്‍ നന്നായി', 'കാലത്തിനൊത്തു കോലം കെട്ടണം' എന്നിങ്ങനെ നിരവധി പഴഞ്ചൊല്ലുകളെ വീടിന്റെ എലിവേഷനുകളുമായി കൂട്ടിയിണക്കി പറയാനാകും. ഒരു വീടിന്റെ മുന്‍ഭാഗം അഥവാ ഫ്രണ്ട് എലിവേഷനാണ് വീടിന്റെ മുഖം. അത് ഏറെ മുഖ്യവുമാണ്. വീടിന്റെ അകത്തും പുറത്തുമുള്ള ഡിസൈന്‍ നയങ്ങളും, അവയ്ക്കു പിന്നിലെ സൗന്ദര്യശാസ്ത്രവും, വീട്ടുടമകളുടെയും ആര്‍ക്കിടെക്റ്റിന്റെയും സൗന്ദര്യബോധവും, അന്തേവാസികളുടെ വ്യത്യസ്തങ്ങളായ അഭിരുചികളും എല്ലാം ഒരു കണ്ണാടി പോലെ പ്രതിഫലിപ്പിക്കാന്‍ അതിന്റെ മുഖപ്പിനാകും. അകത്തെന്താണെന്നുള്ള വ്യക്തമായ സൂചന ലഭിക്കാന്‍ മുഖപ്പിലുള്ള ഒരൊറ്റ ഫീച്ചര്‍ അഥവാ ഡിസൈന്‍ എലമെന്റ് മാത്രം മതിയാകും. ചില വീടുകളുണ്ട്, പുറമേ നിന്നു കാണുന്നതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും ഇന്റീരിയര്‍. പക്ഷേ, ആവിഷ്‌കാര ശൈലിയില്‍ മാത്രമായിരിക്കും ഈ വ്യത്യാസം. മേല്‍പ്പറഞ്ഞ വ്യക്തിനിഷ്ഠമായ അഭിരുചിയും, നയപ്രഖ്യാപനവും അകത്തും പുറത്തും സമാനമായിരിക്കും. ഉദാഹരണമായി, ഒരു വീടിന്റെ എലിവേഷന്‍ കന്റംപ്രറി ശൈലിയിലും ഇന്റീരിയര്‍ കേരളീയ ശൈലിയിലുമാണെന്നിരിക്കട്ടെ. രണ്ടു ശൈലികളും തമ്മില്‍ അജഗജാന്തരമുണ്ടായിരിക്കുമെങ്കിലും അത് പ്രായോഗികതലത്തില്‍ കൊണ്ടു വന്നിട്ടുള്ളത് പരിശോധിച്ചാല്‍ ഒരേ അന്തര്‍ധാര കണ്ടെത്താനാകും. സിംപിള്‍ ഫോം അഥവാ ലാളിത്യം അടിസ്ഥാനമാക്കിയ ഒരു രൂപകല്‍പനയെങ്കില്‍, ശൈലികള്‍ വ്യത്യസ്തങ്ങളെങ്കില്‍ പോലും ഈ ഗുണം ഡിസൈനിലുടനീളം ഒരേപോലെ നിലനിര്‍ത്തുക സാധ്യമാണ്. അതുപോലെ തന്നെ, ഒറ്റനോട്ടത്തില്‍   'ഓവര്‍ ഡൂ' അഥവാ അമിതപ്രയോഗം പ്രകടമാക്കുന്ന ഒരു എക്സ്റ്റീരിയര്‍ ഉള്ളിലും അതുതന്നെ പിന്തുടരാനാണ് സാധ്യത;  അഥവാ ഇന്റീരിയറില്‍ ശൈലി മാറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ കൂടി അമിതാലങ്കാരങ്ങളും ചില ധാരാളിത്തങ്ങളും ഇത്തരം മുഖപ്പുള്ള വീടുകള്‍ക്കകത്തും പ്രതീക്ഷിക്കാവുന്നതാണ്.
വീടുകള്‍ അഭിമാന പ്രതീകങ്ങളായിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് ഒരു വീടിന്റെ മുഖഭംഗി വീട്ടുടമകളുടെ മനസ്സിനെയും, സ്വഭാവത്തെയും, ജീവിതനിലവാരത്തെയും ഒക്കെ ലോകത്തിനു മുന്നില്‍ പ്രതിനിധീകരിക്കുന്നു എന്ന് ചുരുക്കം.

Comments

Popular Posts